വകുപ്പിന്റെ ആസൂത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വികസന പദ്ധതികൾക്ക് ആവശ്യമായ ആസൂത്രണവും നിരീക്ഷണവും ഉറപ്പാക്കുകയും ചെയ്യുന്നതിൽ പ്ലാനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗം പ്രധാന പങ്കുവഹിക്കുന്നു. സംസ്ഥാന ബജറ്റിനായി ആവശ്യമായ വിവരങ്ങൾ സമാഹരിക്കുകയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു. സംസ്ഥാന ആസൂത്രണ ബോർഡിനും പഞ്ചവത്സര പദ്ധതികൾക്കുമായി വകുപ്പിന്റെ സമീപന രേഖകൾ തയ്യാറാക്കുകയും ആസൂത്രണ ബോർഡിന് വകുപ്പിന്റെ വാർഷിക പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു. വകുപ്പിൽ പുതിയ പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിനായി കരട് പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുകയും ഓരോ പാർലമെന്റ് സെഷനും മുന്നോടിയായി പാർലമെന്റ് അംഗങ്ങളുടെ കോൺഫറൻസിനായുള്ള അജണ്ട ക്രമീകരിക്കുകയും ചെയ്യുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാർഷിക റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാവശ്യമായ ഏകോപനവും വകുപ്പിന്റെ വിവിധ ഡിവിഷനുകളിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും നവീകരണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതും വിഭാഗത്തിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡ് റിപ്പോർട്ട് (SDG) തയ്യാറാക്കി സമർപ്പിക്കുകയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രോജക്റ്റ് മോണിറ്ററിംഗ് പോർട്ടലിൽ പദ്ധതികളുടെ പുരോഗതി യഥാസമയം അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. പ്ലാൻ സ്പേസ് പോർട്ടലിലെ ആസൂത്രണ പ്രവർത്തനങ്ങളുടെ പുരോഗതി ആനുകാലികമായി അവലോകനം ചെയ്യുന്നതിനൊപ്പം വാർഷിക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാന ആസൂത്രണ ബോർഡിന് കരട് റിപ്പോർട്ട് തയ്യാറാക്കി നൽകുകയും ചെയ്യുന്നു.